കേരളത്തിൽ ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഇതിനെ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് (DMO) നിർദ്ദേശം നൽകിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ DMO മാർ ബന്ധപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്.
അനധികൃതമായി പണം കൈപ്പറ്റിയ 373 പേരുടെ നിയമനാധികാരി ജില്ലാ മെഡിക്കൽ ഓഫീസർ ആയതിനാൽ, ഈ ജീവനക്കാർക്കെതിരെ നടപടിയെടുക്കേണ്ടതും DMO തന്നെയാണ്. കേരള സിവിൽ സർവീസ് റൂൾ 15 പ്രകാരം ജീവനക്കാരെ പുറത്താക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പും നടപടികൾ കടുപ്പിച്ചത്. നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ, പാർട്ട്ടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തുടങ്ങിയവരാണ് പ്രധാനമായും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം, അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിക്കാനും, അച്ചടക്ക നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Kerala government takes strict action against welfare pension fraud, DMOs instructed to initiate disciplinary proceedings.