തൃശൂർ പൂരം വെടിക്കെട്ടിനെ സംബന്ധിച്ച വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. പുതിയ നിയമഭേദഗതിയിൽ 35-ഓളം നിബന്ധനകളുണ്ട്. ഈ സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് പോലും നടത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്.
ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിഷയത്തിൽ അതീവ ഗൗരവത്തോടെ ഇടപെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. എന്നാൽ, പുതിയ ഭേദഗതിയിൽ ഇളവ് തേടാതെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് വിമർശിച്ചു.
പൂരത്തിന് ഭംഗം വരുത്തുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കരുതെന്നും ഭേദഗതി പിൻവലിക്കണമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുണ്ടെങ്കിൽ പൂരം തടസ്സമില്ലാതെ നടത്തുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ പ്രതികരിച്ചു. കേന്ദ്രസർക്കാറിന്റെ പുതിയ ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകൾക്കിടയിലും പൂര പ്രേമികൾക്കിടയിലും വലിയ പ്രതിഷേധം രൂപപ്പെട്ടിരിക്കുകയാണ്.
Story Highlights: Kerala government sends letter to Centre demanding withdrawal of controversial order on Thrissur Pooram fireworks