സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരവെ വലിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. സാമൂഹ്യക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 400 രൂപ കൂട്ടി 2,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാനും തീരുമാനിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയവും പ്രതിമാസം 1,000 രൂപ വർദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.
സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതികളാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപണങ്ങളിൽ പ്രധാനമായ ഒന്ന്. ഈ പദ്ധതി പ്രകാരം, സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭിക്കും. 35 മുതൽ 60 വയസ്സുവരെയുള്ള മഞ്ഞ കാർഡ്, പിങ്ക് കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും. ഈ പദ്ധതിയിലൂടെ 33 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്നും ഇതിനായി പ്രതിവർഷം 3,800 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുവാക്കൾക്കായി ‘കണക്ട് ടു വർക്ക് സ്കോളർഷിപ്പ്’ എന്ന പുതിയ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ, യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകും. കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയുള്ള 18 മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് പ്ലസ് ടു, ഐടിഐ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ നൈപുണ്യ കോഴ്സുകൾ പഠിക്കുന്നതിനോ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനോ ധനസഹായം ലഭിക്കും. പ്രതിമാസം 1000 രൂപയാണ് ധനസഹായം. ഈ പദ്ധതിക്ക് ഏകദേശം 5 ലക്ഷം ഗുണഭോക്താക്കൾ ഉണ്ടാകുമെന്നും ഇതിലൂടെ പ്രതിവർഷം 600 കോടി രൂപയുടെ അധിക ചിലവ് ഉണ്ടാകുമെന്നും സർക്കാർ കണക്കാക്കുന്നു.
നിലവിലെ വേതന, പെൻഷൻ നിരക്കുകളിലും സർക്കാർ ഗണ്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ തുക 1,600 രൂപയിൽ നിന്നും 400 രൂപ വർദ്ധിപ്പിച്ച് 2,000 രൂപയാക്കി ഉയർത്തി. കൂടാതെ, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയും അനുവദിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം പ്രതിമാസം 1,000 രൂപ വർദ്ധിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും ഉണ്ടായി. ഇതിലൂടെ മാത്രം പ്രതിവർഷം 934 കോടി രൂപയുടെ അധിക ചിലവ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആശാ വർക്കർമാരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ഓണറേറിയം 1,000 രൂപ വീതം വർദ്ധിപ്പിക്കും. പ്രീ പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ പ്രതിമാസ വേതനത്തിലും 1,000 രൂപയുടെ വർദ്ധനവുണ്ടാകും. ഗസ്റ്റ് ലക്ചർമാരുടെ വേതനം പരമാവധി 2,000 രൂപ വരെ വർദ്ധിപ്പിക്കും. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 50 രൂപ കൂട്ടി. റബ്ബറിന്റെ താങ്ങുവില 200 രൂപയായും നെല്ലിന്റെ സംഭരണ വില 30 രൂപയായും നിജപ്പെടുത്തി. ഈ തീരുമാനങ്ങളെല്ലാം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അങ്കണവാടി ജീവനക്കാരുടെയും വേതനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പുതിയ പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ സർക്കാരിന് മുൻപോട്ട് പോകാൻ സഹായകമാവുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
Story Highlights: ക്ഷേമ പെൻഷൻ 2000 രൂപയാക്കി ഉയർത്തിയും, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചും സംസ്ഥാന സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ.



















