കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിന് ശേഷം ഗവർണർ പ്രതികരിച്ചത്, കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്നാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി. മറ്റു പ്രതികരണങ്ങൾ നടത്താനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്പീക്കർ എ എൻ ഷംസീറും നവീന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
അതേസമയം, പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊലീസും പാർട്ടിയും സംരക്ഷിക്കുന്നില്ലെങ്കിൽ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്നും എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരാണ് ഒളിവിൽ പോകാൻ സഹായിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: Kerala Governor Arif Mohammad Khan visits ADM Naveen Babu’s family, expresses condolences