തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഉടൻ തന്നെ 433 എൻട്രി കേഡർ ഒഴിവുകൾ കൂടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഈ വർഷം ഇതുവരെ തദ്ദേശ സ്വയം ഭരണ വകുപ്പ് പി.എസ്.സിക്ക് 1068 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ഈ സർക്കാർ അധികാരമേറ്റെടുത്ത ശേഷം പി.എസ്.സി വഴി തദ്ദേശ സ്വയം ഭരണ വകുപ്പിൽ വിവിധ തസ്തികകളിലായി 5256 പേർക്കാണ് നിയമനം നൽകിയത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനമാണ് മന്ത്രി എം.ബി. രാജേഷ് നടത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരാഴ്ചയ്ക്കകം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആഴ്ച പൂർത്തിയായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റത്തെത്തുടർന്ന് സ്ഥാനക്കയറ്റം മൂലം ഉണ്ടായ ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. 2025 ലെ പൊതുസ്ഥലം മാറ്റത്തെത്തുടർന്ന് 1065 ജീവനക്കാർക്കാണ് വിവിധ തട്ടുകളിലായി സ്ഥാനക്കയറ്റം നൽകിയത്.
കഴിഞ്ഞ ദിവസം അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി 42 ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ ജില്ലാ തലത്തിൽ നിന്ന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ജോയിന്റ് ഡയറക്ടർമാർ അടിയന്തരമായി ഇടപെട്ടാണ് ഇത് സാധ്യമാക്കിയത്. റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ദിവസം തന്നെ 42 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിച്ചു. ഈ ഇടപെടൽ ഉദ്യോഗാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.
തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി 23, അസിസ്റ്റന്റ് എഞ്ചിനീയർ 2, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ടു 25, ക്ലർക്ക് 382, തേർഡ് ഗ്രേഡ് ഓവർസിയർ 1 എന്നിങ്ങനെയാണ് പുതുതായി റിപ്പോർട്ട് ചെയ്യാൻ പോകുന്ന 433 ഒഴിവുകൾ. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ വിരമിക്കലും സ്ഥാനക്കയറ്റവും കണക്കിലെടുത്ത് മുൻപ് തന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ശേഷിക്കുന്ന ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമേയാണ് 433 ഒഴിവുകൾ കൂടി ഉടൻ റിപ്പോർട്ട് ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിൽ 2025 ലെ സംസ്ഥാനതലത്തിലെ പൊതുസ്ഥലംമാറ്റങ്ങൾ ഈ ആഴ്ചയാണ് പൂർത്തിയായത്. അപേക്ഷിച്ച 6747 പേരിൽ 4898 പേർക്ക് സ്ഥലംമാറ്റം ലഭിച്ചു. സ്ഥലംമാറ്റത്തോടൊപ്പം സ്ഥാനക്കയറ്റങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകി.
ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പി.എസ്.സി വഴി നടത്തിയ നിയമനങ്ങളുടെ കണക്കുകൾ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
അസിസ്റ്റന്റ് എഞ്ചിനീയർ- 388, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2- 164, അസിസ്റ്റന്റ് ടൌൺ പ്ലാനർ-13, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്-20, ക്ലർക്ക്- 2247, ഫസ്റ്റ് ഗ്രേഡ് ഓവർസീയർ-496, സെക്കന്റ് ഗ്രേഡ് ഓവർസീയർ -840, തേർഡ് ഗ്രേഡ് ഓവർസീയർ -399, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1- 7, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 – 116, ട്രേസർ-4, ലൈബ്രേറിയൻ-4, ലാസ്റ്റ് ഗ്രേഡ് – 555, സെക്രട്ടറി- 3 (സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന) എന്നിങ്ങനെയാണ് നിയമനങ്ങൾ നടന്നത്.
കൂടാതെ നഗരസഭകളിൽ എട്ട് വിഭാഗങ്ങളിലായി 371ഉം, പഞ്ചായത്തുകളിൽ 505 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തിക അധികമായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുഭരണ വകുപ്പിൽ നിന്ന് അധികമായി 208 ഓഫീസ് അറ്റൻഡന്റുമാരെ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്തു. പരാതികൾ കുറയ്ക്കുകയും ബാഹ്യ ഇടപെടൽ ഒഴിവാക്കുകയും ചെയ്ത് ഓൺലൈൻ സോഫ്റ്റ്വെയർ വഴിയാണ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയത്.
തൊഴിലും കരുതലുമൊരുക്കി സംസ്ഥാന സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: MB Rajesh announced that 433 entry cadre vacancies in the Local Self Government Department will be reported to PSC soon.