മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ച സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. കേസെടുക്കുന്നതിൽ തടസമില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ, ഗ്രൂപ്പുകൾ സൃഷ്ടിച്ചത് കെ ഗോപാലകൃഷ്ണൻ തന്നെയാണെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും കണ്ടെത്തിയിരുന്നു. ഐഎഎസ് തലത്തിലെ പ്രശ്നങ്ങൾ രാഷ്ട്രീയമായി സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ചീഫ് സെക്രട്ടറി നേരത്തെ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയിരുന്നു. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതമായ നടപടി എടുക്കാമെന്നുമായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് പ്രസ്താവിച്ചിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫോറൻസിക് പരിശോധനയിലും ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളിയിരുന്നു. മെറ്റയുടെ മറുപടിയിൽ, ഗ്രൂപ്പുകൾ ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്നു തന്നെയാണ് സൃഷ്ടിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യം ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും പിന്നീട് വിവാദമായതോടെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും സൃഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Kerala government considers legal action against IAS officer K Gopalakrishnan for creating religion-based WhatsApp groups