കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് തിങ്കളാഴ്ച ആരംഭിക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. രാവിലെ 9.30ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. 11 മണിക്ക് മാട്ടുപ്പെട്ടി ജലാശയത്തിൽ സീപ്ലെയിൻ ഇറങ്ങുമ്പോൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.
കെ.എസ്.ഇ.ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് ഈ പരീക്ഷണപ്പറക്കൽ നൽകുന്നത്. കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നേരിട്ട് പറന്നിറങ്ගാൻ കഴിയുന്നത് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ.
മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് അനുഭവിക്കാൻ കഴിയും. എയർ സ്ട്രിപ്പുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവ് ഒഴിവാക്കാൻ കഴിയുന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇടുക്കി, പാലക്കാട്, ആലപ്പുഴ, കൊല്ലം, കാസർകോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങൾ ഈ സർക്യൂട്ടിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
Story Highlights: Kerala’s first seaplane service to launch, connecting Kochi to Idukki’s Mattupetty