ഓണാഘോഷം വർണ്ണാഭമാക്കാൻ പണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ധനവകുപ്പ്. ഈ വർഷം ഓണക്കാലത്ത് ഏകദേശം 19,000 കോടി രൂപയുടെ ചെലവുകളാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാർ സഹായം നൽകിയാൽ ഏകദേശം 11,000 കോടി രൂപ വരെ ലഭിക്കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഈ തുക ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിൻ്റെ ഓണക്കാല വാഗ്ദാനങ്ങൾ പ്രതിസന്ധിയിലാകും.
ഓരോ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിലും ഉണ്ടാകുന്നതിന് സമാനമായ സാമ്പത്തിക ബാധ്യതയാണ് ഓണക്കാലത്ത് സർക്കാരിനുള്ളത്. ജീവനക്കാർക്കുള്ള ഓണം ബോണസ്, അഡ്വാൻസ്, വിവിധ ആഘോഷങ്ങൾ, ഓണചന്തകൾ, സൗജന്യ കിറ്റുകൾ, ക്ഷേമ പെൻഷനുകൾ എന്നിങ്ങനെ നിരവധി ചെലവുകളാണ് ഈ സമയം ഉണ്ടാകാറുള്ളത്. ഈ ചെലവുകൾക്കായി ഏകദേശം 19000 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. നിലവിൽ സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി ഏകദേശം അവസാനിച്ച സ്ഥിതിയിലാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ടിൽ നിന്ന് 3323 കോടി രൂപ എടുക്കാൻ അനുവദിക്കണം. അതുപോലെ ദേശീയപാതാ വികസനത്തിന് ചെലവഴിച്ച 6000 കോടി രൂപ പൊതു കടത്തിൽ നിന്ന് മാറ്റിയാൽ ഏകദേശം 6000 കോടി രൂപ അധികമായി കടമെടുക്കാൻ സാധിക്കും. ഇതുകൂടാതെ ജി.എസ്.ഡി.പി ക്രമീകരിച്ചതിൽ വന്ന കുറവ് മൂലം 1877 കോടി രൂപ കൂടി സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
വായ്പയായി ഏകദേശം 11180 കോടി രൂപ വരെ ലഭിക്കുമെന്നാണ് സംസ്ഥാനം കണക്കുകൂട്ടുന്നത്. ഇതിനുപുറമേ ഐ.ജി.എസ്.ടി ഇനത്തിൽ വെട്ടിക്കുറച്ച 965.16 കോടി രൂപയും കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വായ്പയും, ഐ.ജി.എസ്.ടി വിഹിതവും ചേർത്ത് ഏകദേശം 12145.16 കോടി രൂപയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന 6850 കോടി രൂപ സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തേണ്ടിവരും.
ഈ സാമ്പത്തിക വർഷം രണ്ടാം പിണറായി സർക്കാരിന്റെ അവസാന ഓണക്കാലമാണ്. അതിനാൽത്തന്നെ ഈ പ്രതിസന്ധി മറികടന്നു മുന്നോട്ട് പോകേണ്ടത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സർക്കാരിന്റെ ഓണക്കാല വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരും.
കടമെടുക്കാൻ കേന്ദ്രം അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഓണക്കാലം പ്രതിസന്ധിയിലാകും. ഓണാഘോഷങ്ങൾ വർണ്ണാഭമാക്കാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്.
Story Highlights : Finance Department is scrambling to find money to make the Onam celebrations colorful