48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡുകള് പ്രഖ്യാപിച്ചു. ഫാസില് മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കെ.വി. തമര്, സുധീഷ് സ്കറിയ, ഫാസില് മുഹമ്മദ് എന്നിവര് ചേര്ന്ന് നിര്മ്മിച്ച ചിത്രമാണിത്. ‘അപ്പുറം’ എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയായി.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ചലച്ചിത്ര രത്ന പുരസ്കാരം വിജയകൃഷ്ണന് സമ്മാനിക്കും. എഴുത്തു ജീവിതത്തില് 60 വര്ഷവും ചലച്ചിത്ര നിരൂപണ രംഗത്ത് 50 വര്ഷവും പിന്നിട്ട വിജയകൃഷ്ണന് ദേശീയ-സംസ്ഥാന അവാര്ഡ് ജേതാവാണ്. സിനിമാ രംഗത്ത് 40 വര്ഷം പിന്നിട്ട ജഗദീഷിന് റൂബി ജൂബിലി അവാര്ഡ് നല്കും. നടനും തിരക്കഥാകൃത്തുമാണ് ജഗദീഷ്.
ടൊവിനോ തോമസ് മികച്ച നടനുള്ള അവാര്ഡ് നേടി. ‘അജയന്റെ രണ്ടാം മോഷണം’, ‘അന്വേഷിപ്പിന് കണ്ടെത്തും’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. നസ്രിയ നസീം (‘സൂക്ഷ്മദര്ശിനി’), റീമ കല്ലിങ്കല് (‘തീയറ്റര്: മിത്ത് ഓഫ് റിയാലിറ്റി’) എന്നിവര് മികച്ച നടിക്കുള്ള അവാര്ഡ് പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘സൂക്ഷ്മദര്ശിനി’ നേടി. എം.സി. ജിതിനാണ് ചിത്രത്തിന്റെ സംവിധായകന്.
അഭിനയത്തില് അര നൂറ്റാണ്ട് പൂര്ത്തിയാക്കിയ നടി സീമ, നിര്മ്മാതാവ് ജൂബിലി ജോയ് തോമസ്, നടന് ബാബു ആന്റണി, ഛായാഗ്രാഹകന് വിപിന് മോഹന്, സംഘട്ടന സംവിധായകന് ത്യാഗരാജന് മാസ്റ്റര് എന്നിവര്ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്കാരം ലഭിക്കും. കേരളത്തില് സംസ്ഥാന അവാര്ഡിന് ശേഷം അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി മത്സരിച്ചത്.
സൈജു കുറുപ്പ് (‘ഭരതനാട്യം’, ‘ദ തേഡ് മര്ഡര്’, ‘സ്ഥാനാര്ത്ഥി ശ്രീക്കുട്ടന്’), അര്ജ്ജുന് അശോകന് (‘ആനന്ദ്’, ‘എന്ന് സ്വന്തം പുണ്യാളന്’, ‘അന്പോട് കണ്മണി’) എന്നിവര് മികച്ച സഹനടന്മാരായി. ഷംല ഹംസ (‘ഫെമിനിച്ചി ഫാത്തിമ’), ചിന്നു ചാന്ദ്നി (‘വിശേഷം’) എന്നിവര് മികച്ച സഹനടിമാരായി. മാസ്റ്റര് എയ്ഞ്ചലോ ക്രിസ്റ്റിയാനോ, ബേബി മെലീസ എന്നിവര് (‘കലാം സ്റ്റാന്ഡേര്ഡ് 5 ബി’) മികച്ച ബാലതാരങ്ങളായി.
ഡോ. ജോര്ജ് ഓണക്കൂര് ചെയര്മാനായ ജൂറിയാണ് അവാര്ഡുകള് നിര്ണയിച്ചത്. തേക്കിന്കാട് ജോസഫ്, എ. ചന്ദ്രശേഖര്, ഡോ. അരവിന്ദന് വല്ലച്ചിറ, ഡോ. ജോസ് കെ. മാന്വല് എന്നിവരായിരുന്നു ജൂറി അംഗങ്ങള്. അവാര്ഡുകള് ഉടന് തന്നെ തിരുവനന്തപുരത്ത് വച്ച് വിതരണം ചെയ്യുമെന്ന് സംഘാടകര് അറിയിച്ചു.
Story Highlights: The 48th Kerala Film Critics Awards announced ‘Feminichi Fathima’ as the best film, while Indulakshmi won the best director award for ‘Appuram’.