കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രക്ഷുബ്ധമാക്കിയ ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം എന്നീ വിഷയങ്ങളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എം.എസ്. സൊല്യൂഷൻ യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണം നടത്തില്ലെന്നും എം.എസ്. സൊല്യൂഷൻ സി.ഇ.ഒ. ഷുഹൈബ് വ്യക്തമാക്കി. മുൻപ് ഓണ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നപ്പോൾ പോലീസ് വിളിപ്പിച്ചിരുന്നതായും മലപ്പുറം പോലീസിൽ അതുമായി ബന്ധപ്പെട്ട മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ എം.എസ്. സൊല്യൂഷൻസിനെതിരെ പോലീസ് ഇന്ന് കേസെടുത്തേക്കുമെന്നാണ് സൂചന.
കെ.എസ്.യു., എ.ഐ.വൈ.എഫ്., ഡി.ഡി.ഇ. എന്നീ സംഘടനകൾ പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഉള്ളടക്കമാണ് ചാനലിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ഐ.വൈ.എഫ്. പരാതി നൽകിയത്. ഈ വിഷയത്തിൽ കൊടുവള്ളിയിലെ എം.എസ്. സൊല്യൂഷൻസിന്റെ ഓഫീസിലേക്ക് എ.ഐ.വൈ.എഫ്. ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എന്നാൽ, സ്ത്രീത്വത്തിനെതിരല്ലെന്നും കുട്ടികളെ അച്ചടക്കബോധം പഠിപ്പിക്കുകയാണ് ചെയ്തതെന്നും ഷുഹൈബ് യൂട്യൂബ് ചാനലിലൂടെ വിശദീകരിച്ചു.
Story Highlights: Kerala Education Department to hold high-level meeting over question paper leak scandal