വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കുകളെ ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെമ്മോറാണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ലെന്നും, മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: Kerala CM clarifies fake news about Wayanad disaster relief funds, urges media to correct misinformation