ശശി തരൂരിന്റെ വികസന പ്രസ്താവന വസ്തുതാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസന മാതൃക ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് തരൂർ എംപി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയിലെ കേരളത്തിന്റെ നേട്ടം പ്രത്യേകം എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന തരൂരിന്റെ ലേഖനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ വികസനം ചില മേഖലകളിൽ വലിയ കുതിപ്പാണെന്നും അത് ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾ നിരത്തിയാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐടി രംഗത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ കേരളം വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പ്രതിപക്ഷത്തിന്റെയും മഴവിൽ സഖ്യത്തിന്റെയും വാദങ്ങളെ തള്ളുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നും ഗോവിന്ദൻ പറഞ്ഞു. പുതിയ കേരളത്തിന്റെ വളർച്ചയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതാപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച തരൂരിനെ അഭിനന്ദിക്കുന്നതായും ഗോവിന്ദൻ വ്യക്തമാക്കി.
തന്റെ ലേഖനത്തിൽ ഉറച്ചുനിൽക്കുന്നതായി ശശി തരൂർ എംപി വ്യക്തമാക്കി. സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ മോശം ചെയ്താൽ അത് ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താൽ അതും പറയുമെന്നും തരൂർ പറഞ്ഞു. കാലങ്ങളായി തന്റെ രീതി ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Kerala CM Pinarayi Vijayan and CPM State Secretary M V Govindan supported Shashi Tharoor’s statement on Kerala’s development.