ന്യൂനപക്ഷ വിഭാഗങ്ങളിലെ സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്ക് ഫീസ് റീഇംബേഴ്സ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. കോഴ്സ് ഫീസിന് പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസിന് പരമാവധി 10,000 രൂപയും 2024-25 സാമ്പത്തിക വർഷത്തേക്ക് ലഭിക്കും. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, അതിന്റെ ഉപകേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന ലഭിക്കും.
സ്ഥാപനം നടത്തുന്നതോ അംഗീകൃതമോ ആയ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് ഒടുക്കിയതിന്റെ രസീതിയിൽ സ്ഥാപന മേധാവിയുടെ ഒപ്പ് വേണം. ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് വിതരണം. സർക്കാർ/യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം.
അപേക്ഷകർക്ക് സ്വന്തം പേരിൽ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിയ്ക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471 – 2300524, 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Story Highlights: Minority students pursuing civil service coaching can apply for fee reimbursement scholarships until February 14.