പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ പാലക്കാട് പത്തും ചേലക്കരയിൽ ആറും വയനാട് 16ഉം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നവും, ചേലക്കരയിൽ പി വി അൻവറിന്റെ ഡിഎംകെ പിന്തുണയുള്ള സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷയും ചിഹ്നമായി അനുവദിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവരെ കൂടാതെ 8 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കായി, കൽപ്പറ്റയിലും മുക്കത്തും എടവണ്ണയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നടക്കും. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ പ്രചാരണത്തിന് രണ്ടാം തീയതി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നാലിന് മുൻകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനും ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ജില്ലയിൽ എത്തും.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രമേശ് കുമാർ പത്രിക പിൻവലിച്ചതോടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിൽ രണ്ടാംഘട്ട പ്രചാരണം ഊർജ്ജിതമാക്കി മുന്നണികൾ മുന്നേറുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് വേണ്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മണ്ഡലത്തിലെത്തും. എൽഡിഎഫ് മന്ത്രിമാരെയും സിപിഐഎം സംസ്ഥാന നേതാക്കളെയും പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നു. എൻഡിഎ തൃശ്ശൂർ മോഡൽ പ്രചരണത്തിലൂടെ ചേലക്കര മണ്ഡലത്തിൽ നിർണായക സാന്നിധ്യമാകാൻ ശ്രമിക്കുന്നു.
Story Highlights: Final candidates list for Palakkad, Wayanad and Chelakkara by-elections announced