ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് കൊച്ചിയിൽ നടക്കും. രാത്രി ഏഴരയ്ക്ക് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തോടെ തുടങ്ങാനാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പുതിയ പരിശീലകൻ മികായേൽ സ്റ്റാറെക്കിന്റെ കീഴിൽ അവസാന വട്ട പരിശീലനവും ടീം പൂർത്തിയാക്കിയിട്ടുണ്ട്.
ഓണം കളറാക്കാൻ കൊച്ചിയിൽ കൊന്പന്മാരുടെ എഴുന്നള്ളത്തിനൊപ്പം, സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ മഞ്ഞപ്പൂളം തീർത്ത് പൂവിളിയും വാദ്യമേളങ്ങളുമായി ആഘോഷം കൊഴുപ്പിക്കാൻ മഞ്ഞപ്പടയും സജ്ജമാണ്. ഗോളടി വീരൻ ദിമിത്രിയോസ് ഡിയാമന്റക്കോസ് ടീം വിട്ടെങ്കിലും, ആക്രമണത്തിന് ജെസ്യൂസ് ഹിമനെസ് – നോഹ സദോയ് കൂട്ടുകെട്ടുണ്ട് ബ്ലാസ്റ്റേഴ്സ് നിരയിൽ. നായകൻ അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, അയ്മൻ-അസർ സഹോദരങ്ങൾ, കെപി രാഹുൽ എന്നിവരും ടീമിന്റെ കരുത്താണ്.
പഞ്ചാബ് എഫ്സിയും കപ്പിൽ കണ്ണുവച്ചാണ് ഇത്തവണ എത്തുന്നത്. ആദ്യ സീസണിൽ എട്ടാം സ്ഥാനത്തായിരുന്നെങ്കിലും, ഇത്തവണ മികച്ച പ്രകടനം ലക്ഷ്യമിടുന്നു. നായകൻ ലൂക്കയാണ് പഞ്ചാബിന്റെ പ്രധാന കരുത്ത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ എത്തിയ നിഹാൽ സുധീഷ് മലയാളി സാന്നിധ്യമായി പഞ്ചാബ് ടീമിലുണ്ട്. ഇരു ടീമുകളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.
Story Highlights: Kerala Blasters FC face Punjab FC in their opening match of ISL 2023-24 season at Kochi