കാസർഗോഡ് പരപ്പച്ചാലിൽ കേരള ബാങ്കിന്റെ നീലേശ്വരം ശാഖ നടത്തിയ വീട്ടു ജപ്തിയെത്തുടർന്ന് ദുരിതമനുഭവിച്ച ജാനകിക്ക് ആശ്വാസമായി ആലപ്പുഴ ചേർത്തല സ്വദേശി ഉണ്ണികൃഷ്ണൻ സാമ്പത്തിക സഹായം നൽകി. ജാനകിയുടെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്തായിരുന്നു ജപ്തി നടപടികൾ. ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുമടക്കം ജാനകിയുടെ കുടുംബം വീടിന് പുറത്തായി.
കേരള ബാങ്കിൽ നിന്നെടുത്ത ലോണിന്റെ ബാക്കി തുകയായ 2,90,000 രൂപ ഉണ്ണികൃഷ്ണൻ അടച്ചു തീർത്തു. ബാങ്ക് അധികൃതർ വീട് തുറന്നു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി സാധനങ്ങൾ പുറത്തിട്ടാണ് ബാങ്ക് വീട് സീൽ ചെയ്തതെന്ന് ജാനകി ആരോപിച്ചു.
കോടതി നിർദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് ജപ്തി നടപടികൾ നടന്നത്. ജാനകിയും മകൻ വിജേഷും ഭാര്യയും വീട്ടിൽ എത്തിയപ്പോഴാണ് വീട് സീൽ ചെയ്ത നിലയിൽ കണ്ടത്.
അസുഖബാധിതയായ ജാനകിക്ക് ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കണമെങ്കിൽ വൈദ്യുതി ഉപയോഗിക്കാനുള്ള സൗകര്യം പോലും ബാങ്ക് അധികൃതർ നൽകിയില്ലെന്നും കുടുംബം പറയുന്നു. വീട്ടിലെത്തിയപ്പോൾ വീട് സീൽ ചെയ്തതായി കണ്ടെന്ന് ജാനകിയുടെ മകൻ വിജേഷ് പറഞ്ഞു.
നീലേശ്വരം ശാഖയിൽ നിന്നാണ് ജാനകി ലോൺ എടുത്തിരുന്നത്. ജപ്തി നടപടികൾക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജാനകിക്ക് ഉണ്ണികൃഷ്ണന്റെ സഹായം വലിയ ആശ്വാസമായി.
Story Highlights: A man from Alappuzha helped a woman in Kasaragod whose house was seized by Kerala Bank.