കേന്ദ്ര സർക്കാരിന്റെ യു.ജി.സി ചട്ടഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നു. യുജിസി ചട്ടങ്ങളിലെ ഭേദഗതി പ്രകാരം രാജ്യത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനാധികാരം ചാൻസലർക്കായിരിക്കും. ഈ പരിഷ്കരിച്ച ചട്ടത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കത്ത് നൽകിയിരുന്നു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക.
യു.ജി.സി ചട്ടങ്ങളിലെ ഭേദഗതി സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ കവർന്നെടുക്കുന്നതാണെന്ന ആശങ്കയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവർണർക്ക് നിർദേശിക്കാമെന്നതാണ് പുതിയ ചട്ടം. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്\u200cകരിച്ച കരട് ചട്ടങ്ങളിലും ഗവർണർക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്.
വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാമെന്നും പുതിയ ചട്ടത്തിൽ പറയുന്നു. ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും ചട്ടം അനുമതി നൽകുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസി ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
സഭയിൽ പ്രമേയം ഏകകണ്ഠമായി പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ടാണ് കേന്ദ്രം യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചത്. ഈ സാഹചര്യത്തിലാണ് ചട്ടഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുന്നത്.
Story Highlights: Kerala Assembly will pass a resolution against the UGC rule amendment giving full authority to the Governor for appointing Vice-Chancellors.