നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ചോദ്യോത്തര വേളയിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ കനത്ത വാഗ്വാദം നടന്നു. മുഖ്യമന്ത്രിയുടെ മറുപടി തടസ്സപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. സ്പീക്കർ എ.എൻ. ഷംസീറിനെയും പ്രതിപക്ഷം വിമർശിച്ചു.
“ചോദ്യങ്ങൾ എന്തിനു മുക്കി സ്പീക്കറേ” എന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയർത്തി. “പി.വി ക്ക് എന്തിന് പി.ആർ ഏജൻസി” എന്ന പ്ലക്കാർഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകാറുണ്ടെന്നും സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ ആക്ഷേപിക്കാൻ വേണ്ടിയാണ് ഈ പ്രശ്നം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ക്ഷുഭിതനായി. അംഗങ്ងളെ ഇരുത്തിയാൽ മാത്രം മൈക്ക് തരാമെന്ന് സ്പീക്കർ പറഞ്ഞു. ഭീഷണി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. ആരാണ് നേതാവ് എന്ന് സ്പീക്കർ ചോദിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്പീക്കറുടെ ചോദ്യം അപക്വതയാണെന്നും സ്പീക്കർ പദവിക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
സഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അധിക്ഷേപ വാക്കുകളാണ് സ്പീക്കറെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് തെളിയിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ അവജ്ഞയോടെ തള്ളുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Story Highlights: Kerala Assembly session turns chaotic as opposition protests against government and Speaker during question hour