തിരുവനന്തപുരം: നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും തമ്മിൽ വാക്പോര്. സർവകലാശാല നിയമ ഭേദഗതി ബില്ലിൻ്റെ ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കേരളത്തിലെ സർവകലാശാലകളെ എസ്എഫ്ഐയുടെ ഓഫീസുകളാക്കി മാറ്റാനാണ് ശ്രമമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
ചാൻസിലറുടെ അധികാരങ്ങൾ വെട്ടികുറച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയെന്നും മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. കേരള യൂണിവേഴ്സിറ്റിക്ക് മുന്നിലുള്ള ആശാന്റെ പ്രതിമ മാറ്റി മന്ത്രിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് മാത്രമേ ഇനി ആവശ്യപ്പെടാനുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. ആർ. ബിന്ദുവിൻ്റെ മന്ത്രിസ്ഥാനം എട്ടുമാസം കൂടി മാത്രമേയുള്ളൂവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം നാലാംകിട കുശുമ്പും നുണയും കൂട്ടിച്ചേർത്ത വെർബൽ ഡയറിയ ആണെന്ന് മന്ത്രി ആർ. ബിന്ദു തിരിച്ചടിച്ചു. തന്റെ മകന്റെ പ്രായമുള്ള ഒരാൾക്ക് ഇങ്ങനെയൊക്കെ പറയാമെങ്കിൽ തനിക്കും പറയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് സഭ ബഹിഷ്കരിച്ചു.
മന്ത്രിയുടെ പരാമർശം മോശമാണെന്നും എംഎൽഎയെ അപമാനിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസംബ്ലിയിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് മന്ത്രിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷം രോദനം നടത്തിയെന്ന് മന്ത്രി പറഞ്ഞുവെന്നും എന്നാൽ വിമർശനങ്ങളുടെ രോദനം എന്നാണ് പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി പരാമർശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കല്പാന്തകാലത്തോളം ആർ. ബിന്ദുവല്ല ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.
Story Highlights: Heated exchange in Kerala Assembly between Higher Education Minister R Bindu and MLA Rahul Mankuttam over university bill.