കൗമാരക്കാരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായ ഐപിഎൽ സീസണിന് ശേഷം, കെസിഎൽ ലേലത്തിലും യുവതാരങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നു. ഈ സീസണിൽ നിരവധി കൗമാര താരങ്ങളാണ് ലേലപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ചില താരങ്ങൾ മുൻ സീസണുകളിൽ വിവിധ ടീമുകളിൽ കളിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തവണത്തെ ലേലം ഏറെ ആകാംഷ ഉണർത്തുന്ന ഒന്നാണ്.
കേരള അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായ അഹ്മദ് ഇമ്രാൻ്റെ രണ്ടാമത്തെ കെസിഎൽ സീസണാണിത്. അഹ്മദ് ഒരു മികച്ച ഓഫ് സ്പിന്നർകൂടിയാണ്, കൂടാതെ ടീമിൻ്റെ ബാറ്റിങ് നെടുംതൂണായി കണക്കാക്കപ്പെടുന്നു. കഴിഞ രഞ്ജി ട്രോഫി ഫൈനലിൽ കേരള സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ജോബിൻ ജോബി ആദ്യ സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
കഴിഞ്ഞ കെസിഎ പ്രസിഡൻസ് കപ്പിൽ മികച്ച പ്രകടനം നടത്തിയ ജോബിൻ ജോബി പരമ്പരയിലെ താരമായും, മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർകൂടിയായ ജോബിൻ, കൂറ്റൻ അടികൾക്ക് പേരുകേട്ട താരമാണ്. കുച്ച് ബിഹാർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ആദിത്യ ബൈജുവും ഇത്തവണത്തെ ശ്രദ്ധേയ താരമാണ്. എംആർഎഫ് പേസ് ഫൗണ്ടേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിത്യയുടെ പ്രധാന കരുത്ത് കൃത്യതയാർന്ന വേഗമാണ്.
ഇംഗ്ലണ്ടിൽ ദേശീയ അണ്ടർ 19 ടീമിനൊപ്പം പര്യടനം നടത്തുന്ന മൊഹമ്മദ് ഇനാൻ ലെഗ് സ്പിന്നിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്നു. കുച്ച് ബിഹാർ ട്രോഫിയിലെ പ്രകടനമാണ് ഇനാനെ ദേശീയ ടീമിലെത്തിച്ചത്. ഇതിനു മുൻപും ഇനാൻ കെസിഎൽ കളിച്ചിട്ടുണ്ട്.
ഈ ലേലത്തിലെ ശ്രദ്ധേയമായ മറ്റൊരു പേര് മാനവ് കൃഷ്ണയാണ്, വെറും 16 വയസ്സാണ് താരത്തിന്റെ പ്രായം. കഴിഞ്ഞ എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട മാനവ് പല മത്സരങ്ങളിലും നിർണായക ഇന്നിംഗ്സുകൾ കാഴ്ചവെച്ചു. ഇത് കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണ്ണായകമായി.
ആദി അഭിലാഷ്, വിധുൻ വേണുഗോപാൽ, അദ്വൈത് പ്രിൻസ്, ജെയ്വിൻ ജാക്സൺ എന്നിവരും ഇത്തവണ ലേലപ്പട്ടികയിലുണ്ട്. അതിനാൽ തന്നെ കൗമാര താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇത്തവണ ലേലത്തിൽ മാറ്റുരയ്ക്കുന്നു.
Story Highlights: കൗമാരക്കാരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായ ഐപിഎൽ സീസണിന് ശേഷം, കെസിഎൽ ലേലത്തിലും യുവതാരങ്ങൾക്ക് പ്രാധാന്യം.