കോട്ടയം സിഎംഎസ് കോളേജിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും കോളേജ് അധികൃതരും തമ്മിൽ കരാർ ഒപ്പുവെച്ചു. ഈ പദ്ധതി പ്രകാരം, കോളേജിലെ നിലവിലുള്ള ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് Pപാട്ടത്തിന് നൽകും. ഏപ്രിൽ മാസത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും.
കോട്ടയം ജില്ലയിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള അവസരം ഈ സ്റ്റേഡിയം ഒരുക്കും. ബിസിസിഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ഈ സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് വേദിയാകും. സംസ്ഥാനത്ത് ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14 കോടി രൂപ ചെലവഴിച്ച് ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്ലർ സിസ്റ്റം, ഇൻഡോർ, ഔട്ട്ഡോർ പ്രാക്ടീസ് സംവിധാനങ്ങൾ, അത്യാധുനിക ജിംനേഷ്യം, ഫുട്ബോൾ ഗ്രൗണ്ട് എന്നിവ നിർമ്മിക്കും. രണ്ടാം ഘട്ടത്തിൽ ഫ്ലഡ് ലൈറ്റ് സംവിധാനവും ഒരുക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാറും സിഎംഎസ് കോളേജ് മാനേജറും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയിൽ സാബു കോശി ചെറിയാനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, ആലപ്പുഴ എസ് ഡി കോളേജ് എന്നിവിടങ്ങളിലും ഇതേ രീതിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടുകൾ നിർമിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും സി.എസ്.ഐ മധ്യകേരള ഇടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, സിഎസ്ഐ – മധ്യ കേരള മഹാഇടവക ക്ലെർജി സെക്രട്ടറി റവ. അനിയൻ കെ പോൾ, സിഎസ്ഐ – മധ്യ കേരള മഹാ ഇടവക ലേ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ ഡാനിയൽ, രജിസ്ട്രാർ അഡ്വ. ഷീബാ തരകൻ, ബർസർ റവ. ചെറിയാൻ തോമസ്, ഹയർ എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ജേക്കബ് ഫിലിപ്പ് മോങ്കുഴി, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.അഞ്ജു സൂസൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ: റീനു ജേക്കബ്, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. ചാൾസ് എ ജോസഫ്, അസോ. പ്രൊഫ. ജാക്സൺ പോൾ വി, കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കരാർ ഒപ്പിടൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Story Highlights: Kerala Cricket Association partners with CMS College, Kottayam to build a state-of-the-art cricket stadium.