മലയാളികളുടെ മനസ്സിൽ അമ്മയായി എക്കാലവും നിലനിൽക്കുമെന്ന് നടൻ മധു കവിയൂർ പൊന്നമ്മയെ കുറിച്ച് പറഞ്ഞു. സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപതാം വയസിൽ പൊന്നമ്മ തന്റെ അമ്മയായി അഭിനയിച്ചതും ആ പ്രായത്തിലും അമ്മയായി അവർ മലയാളികളെ വിസ്മയിപ്പിച്ചതും മധു അനുസ്മരിച്ചു.
നടി ഷീല പ്രതികരിച്ചത് കാണുമ്പോൾ ഒരു അമ്മയാണെന്ന് തന്നെ തോന്നുമെന്നും മരിച്ചുവെന്ന് പറയാൻ തോന്നുന്നില്ലെന്നുമാണ്. നടൻ ജനാർദ്ദനൻ ഒരുപാട് ദുഖമുണ്ടെന്ന് പ്രതികരിച്ചു. അഭിനയിക്കുന്നതിന് മുന്നേ പൊന്നമ്മയെ പരിചയമുണ്ടെന്നും സിനിമയിൽ എത്തിയ ശേഷം ഒരു കുടുംബം പോലെയായിരുന്നു ജീവിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി ഉർവശി വിയോഗത്തിൽ ഏറെ ദുഖമുണ്ടെന്നും ഇത്ര നേരത്തെ പൊന്നമ്മ ചേച്ചി പോകുമെന്ന് വിചാരിച്ചില്ലെന്നും പ്രതികരിച്ചു.
കവിയൂർ പൊന്നമ്മ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ അമ്മ വേഷം ചെയ്തുവെന്നാണ്. ‘തൊമ്മന്റെ മക്കള്’ എന്ന സിനിമയില് സത്യന് മാഷിന്റെയും മധു സാറിന്റെയും അമ്മയായി അഭിനയിച്ചതായും അവർ പറഞ്ഞു. പിന്നീട് നസീര് സാറിന്റെ എത്രയോ സിനിമകളിലും ലാലിന്റെ അമ്മയായിട്ടും അഭിനയിച്ചതായി അവർ വെളിപ്പെടുത്തി. നായിക എന്നതൊന്നും തന്റെ മനസ്സില് പോലുമില്ലായിരുന്നുവെന്നും കിട്ടുന്ന വേഷങ്ങള് ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മ മുഖമായിരുന്നു കവിയൂര് പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ അവർ സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയർന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന അവർക്ക് ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
Story Highlights: Veteran actress Kaviyoor Ponnamma, known for her motherly roles in Malayalam cinema, passes away