ഷിരൂർ രക്ഷാപ്രവർത്തനം: അർജുന്റെ തിരച്ചിൽ അവസാനിപ്പിക്കാൻ സാധ്യത

Anjana

Shirur rescue operation

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും പരമാവധി ശ്രമം ഈശ്വർ മാൽപെ നടത്തിയെങ്കിലും സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി. പുഴയിലെ ശക്തമായ ഒഴുക്ക് വലിയ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശികമായി പുഴയെ അറിയുന്നവരെ കൊണ്ട് വന്ന് പരിശോധന നടത്തിയതായി എംഎൽഎ പറഞ്ഞു. പുഴയ്ക്ക് അടിയിലേക്ക് പോയപ്പോൾ വലിയ പാറകളും വലിയ മരങ്ങളും തടസ്സമായി നിൽക്കുന്നതായും, കൂറ്റൻ ആൽമരം വെള്ളത്തിനടിയിൽ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്ലാ സംവിധാനങ്ങളും ഒരുപോലെ പ്രവർത്തിച്ചതായും, മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാര്യങ്ങൾ ധരിപ്പിച്ചതായും സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതൽ യന്ത്രങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. എന്നാൽ ഇത് എത്തിക്കാൻ നാല് ദിവസമെങ്കിലും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 21 ദിവസം മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവച്ചു. നദി ശാന്തമായാൽ മാത്രമേ ദൗത്യം തുടരാൻ സാധിക്കൂവെന്നും, പുഴയ്ക്ക് അടിയിലെ ചെളിയും കല്ലും മരവുമാണ് ദൗത്യത്തിന് വെല്ലുവിളിയെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.