കരൂര്◾: കരൂരിലെ ടിവികെ റാലി ദുരന്തം നിലവിളികളും കണ്ണീരുമായി അവസാനിക്കുമ്പോൾ, നാട്ടുകാർക്ക് പറയാനുളളത് വീഴ്ചകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. തമിഴക വെട്രിക് കഴകം (ടിവികെ) റാലിക്കെതിരെ മാത്രമല്ല, മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പതിനായിരം പേർക്ക് അനുമതി നൽകിയ പൊലീസിനും സർക്കാരിനുമെതിരെയും വിമർശനങ്ങളുണ്ട്. കുഞ്ഞുങ്ങളുമായി റാലിക്കെത്തിയ വിജയ് ആരാധകരുടെ പ്രവൃത്തിയെയും നാട്ടുകാർ ചോദ്യം ചെയ്യുന്നു.
ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം ഉണ്ടായി. അറുപതിനായിരം ആളുകളെ മാത്രം ഉള്ക്കൊള്ളാന് സാധിക്കുന്ന മൈതാനത്താണ് ഒരുലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്. മതിയായ വൈദ്യ സഹായം ലഭ്യമല്ലാത്തതിനാൽ ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഈ ദുരന്തത്തിൽ മനംനൊന്ത് നിരവധി പേരാണ് പ്രതികരിക്കുന്നത്.
റാലി നടത്താൻ ഇത്ര ചെറിയ വഴിയിൽ എങ്ങനെ സ്ഥലമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രധാന ചോദ്യം. ഇത്രയധികം ആളുകളെ നിയന്ത്രിക്കാൻ സാധിക്കാത്ത ഒരിടത്ത് എങ്ങനെ അനുമതി നൽകിയെന്നും അവർ ചോദിക്കുന്നു. സ്വന്തം ജീവനും കുടുംബവും പോലും ഓര്ക്കാതെ റാലിക്കെത്തിയവരെയും നാട്ടുകാര് വിമര്ശിക്കുന്നു. ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നുള്ളത് പ്രതിഷേധം കടുപ്പിക്കുന്നു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ജഡ്ജി അരുണ ജഗതീശന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ചു.
കൂടുതൽ തുറന്ന സ്ഥലത്തേക്ക് പരിപാടി മാറ്റണമെന്ന പോലീസിൻ്റെ ആവശ്യം പരിഗണിക്കാതെ ടിവികെ റാലി നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ഈ വിഷയത്തിൽ വിജയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. “എന്റെ ഹൃദയം തകർന്നു, അസഹനീയമായ വേദനയാണ് അനുഭവിക്കുന്നത്,” എന്ന് വിജയ് എക്സിൽ കുറിച്ചു.
കരൂരിലെ ദുരന്തം ടിവികെയുടെയും വിജയിയുടെയും വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആയിരക്കണക്കിന് ആളുകൾക്ക് ഒത്തുചേരാൻ സാധിക്കാത്ത ഒരിടത്ത് എങ്ങനെ റാലി സംഘടിപ്പിച്ചു എന്നത് ചോദ്യചിഹ്നമാണ്. ഈ ദുരന്തം വരുത്തിവെച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Story Highlights : karur people on tvk rally stampede tragedy