പരിയേറും പെരുമാൾ എന്ന മാരി സെൽവരാജ് ചിത്രത്തിലെ കറുപ്പി എന്ന നായയുടെ മരണം സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സിനിമയിലെ മനുഷ്യർ സമ്മാനിച്ച വൈകാരിക മുഹൂർത്തങ്ങൾക്കും മേലെയായിരുന്നു കറുപ്പിയുടെ സാന്നിധ്യം. ശരീരവും ആത്മാവും കൊണ്ട് സിനിമയിലെ ഓരോ നിമിഷങ്ങളെയും സമ്പന്നമാക്കിയ കറുപ്പി ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.
ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് റോഡിലൂടെ വിരണ്ട് ഓടിയപ്പോൾ അജ്ഞാത വാഹനമിടിച്ചാണ് കറുപ്പി മരിച്ചത്. സിനിമയിൽ അഭിനയിച്ച വിജയമുത്തുവിന്റെ വളർത്തു നായയായിരുന്നു കറുപ്പി. തമിഴകത്തെ ജാതീയ അസമത്വത്തെ വിഷയമാക്കി ഡോ. ബിആർ അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയം പറയുന്ന തമിഴ് സിനിമയാണ് പരിയേറും പെരുമാൾ.
മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വക്കീലാവാൻ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് കതിർ എത്തുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. പാ രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.
Story Highlights: Karuppi, the beloved dog from the Tamil film ‘Pariyerum Perumal’, dies in a road accident during Diwali celebrations.