കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Anjana

Updated on:

Karunagapally Municipality Chairman sexual harassment
കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. ട്വന്റി ഫോർ നൽകിയ വാർത്തയെ തുടർന്നാണ് കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെയുള്ള സാമ്പത്തിക – ലൈംഗിക ആരോപണങ്ങൾ സംബന്ധിച്ച വാർത്ത പുറംലോകമറിഞ്ഞത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. എന്നാൽ പാർട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിൻ്റെ വാദം. ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. എന്നാൽ ആവശ്യം അറിയിച്ചപ്പോൾ ലൈംഗിക ചുവയോടെ കോട്ടയിൽ രാജു സംസാരിക്കുകയായിരുന്നു. ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമെന്നും യുവതി പറയുന്നു. സിപിഐഎം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. Story Highlights: Crime branch to investigate sexual accusation complaint against Karunagapally Municipality Chairman Kottayil Raju

Leave a Comment