കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് മലയാളി ഡ്രൈവർ അർജുന്റേത് തന്നെയെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഡ്രോൺ പരിശോധനയിൽ വ്യക്തമാകുമെങ്കിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞേക്കില്ലെന്ന് നാവികസേന അറിയിച്ചു.
ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിലേയ്ക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം സാധിച്ചില്ല. ഇത് ദൗത്യത്തിന് തടസമാണെന്ന് നാവികസേന വ്യക്തമാക്കി.
മണ്ണിടിച്ചിലിൽ കാണാതായ അര്ജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോമീറ്റർ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയത്. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളുമെന്ന് അധികൃതർ അറിയിച്ചു.