കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്. തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവ്വമല്ലായിരുന്നുവെന്നും കോടതിനടപടിക്കിടെ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പടിഞ്ഞാറന് ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്ശം. മൈസൂര് റോഡ് മേല്പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെ, മേല്പാലത്തിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാകിസ്താനിലെ ഗോരി പാലിയാണെന്നും അവിടെ നിയമം ബാധകമല്ലെന്നും ജഡ്ജി പറഞ്ഞിരുന്നു. ഈ പരാമര്ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്.
താൻ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ശ്രീശാനന്ദ പറഞ്ഞു. 2020 മേയ് മുതൽ കർണാടക ഹൈക്കോടതിയില് അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയായത്. ഈയിടെ കന്നഡ വാര്ത്താ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിനിടെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും കണക്ക് പറയാൻ യഥാക്രമം ഇന്ത്യൻ പതാകയുടെയും പാകിസ്താൻ പതാകയുടെയും ചിത്രങ്ങൾ ഉപയോഗിച്ചതും വിവാദമായിരുന്നു.
Story Highlights: Karnataka High Court judge Justice Vedavyasachar Srishananda apologizes for controversial minority remarks