അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മയുടെ വിവാദ പരാമര്ശത്തിനെതിരെ രൂക്ഷ വിമര്ശനവുമായി രാജ്യസഭാ എംപി കപില് സിബല് രംഗത്തെത്തി. മിയ മുസ്ലീങ്ങളെ സംസ്ഥാനം പിടിച്ചെടുക്കാന് അനുവദിക്കില്ല എന്ന ശര്മ്മയുടെ പ്രസ്താവനയെ ‘ശുദ്ധ വര്ഗീയ വിഷം’ എന്നാണ് സിബല് വിശേഷിപ്പിച്ചത്. ഇത്തരം പരാമര്ശങ്ങള്ക്ക് മൗനം മറുപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭയില് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്ച്ചയിലാണ് ശര്മ്മയുടെ വിവാദ പരാമര്ശമുണ്ടായത്. നാഗോണില് 14 വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ ക്രമസമാധാന നില ചര്ച്ച ചെയ്യാനായിരുന്നു അടിയന്തരപ്രമേയം. ‘ലോവര് അസമില് നിന്നുള്ള ആളുകള് എന്തിനാണ് അപ്പര് അസമിലേക്ക് പോകുന്നത്? അപ്പോള് മിയ മുസ്ലിംകള്ക്ക് അസം പിടിച്ചെടുക്കാന് കഴിയുമോ? അത് സംഭവിക്കാന് ഞങ്ങള് അനുവദിക്കില്ല’ എന്നായിരുന്നു ശര്മ്മയുടെ പരാമര്ശം.
ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ സംബന്ധിച്ച് മിയ എന്നത് ഒരു ആക്ഷേപരീതിയിലുള്ള പ്രയോഗമാണ്. ബംഗാളി സംസാരിക്കാത്ത ആളുകള് ഇവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. അടുത്തിടെ ഒരു വിഭാഗത്തെ അധിക്ഷേപിക്കാനായി ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സഭയില് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയര്ന്നതോടെ സ്പീക്കര് സഭാ നടപടികള് 10 മിനിറ്റ് നിര്ത്തിവെച്ചു.
Story Highlights: Kapil Sibal criticizes Assam CM Himanta Biswa Sarma’s controversial remarks about Miya Muslims