കണ്ണൂർ ജനശതാബ്ദിക്ക് ഓണസമ്മാനമായി പുതിയ കോച്ചുകൾ ലഭിച്ചു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് റെയിൽവേ എൽഎച്ച്ബി (ലിങ്ക് ഫോഫ്മാൻ ബുഷ്) കോച്ചുകളാണ് അനുവദിച്ചത്. ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണ് ഇവ. തിരുവനന്തപുരത്തുനിന്നുള്ള സർവീസിൽ ഈ മാസം 29 മുതലും, കണ്ണൂരിൽ നിന്നുള്ള സർവീസിൽ 30 മുതലും പുതിയ കോച്ചുകൾ ഉണ്ടാകുമെന്ന് അറിയിപ്പുണ്ട്. യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എന്നിവയുടെ കോച്ചുകൾ മാറുന്നതും നിലവിൽ പരിഗണനയിലുണ്ട്. മലബാർ, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകൾക്കു പുതിയ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും ഏറെനാളായി ഉയർന്നുവന്നിരുന്നു. ഇതിനിടെ, രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. നമോ ഭാരത് റാപിഡ് റെയിൽ എന്ന പേരിലാണ് വന്ദേ മെട്രോ ഇനി അറിയപ്പെടുക.
ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ആറ് വന്ദേഭാരത് സർവീസുകൾക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നുണ്ട്. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന നമോ ഭാരത് റാപിഡിൽ റിസർവേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
Story Highlights: Kannur Jan Shatabdi Express gets new LHB coaches as Onam gift