കണ്ണൂർ ഡിസിസി പ്രസിഡന്റ് മനു തോമസിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചു

Anjana

സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം വേണമെന്നാണ് കണ്ണൂർ ഡിസിസി പ്രസിഡന്റിന്റെ ആവശ്യം. ടിപി, ഷുഹൈബ് വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് മനു തോമസിൽ നിന്ന് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനു തോമസിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിലും ഉന്നയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ നേതൃത്വം കുടപിടിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ആരോപണവിധേയനായ എം ഷാജിറിനെ യുവജന കമ്മിഷന്റെ ചെയർമാനാക്കിയതും ആകാശ് തില്ലങ്കേരിയ്ക്ക് ട്രോഫി കൊടുത്ത നേതാവ് കേരളത്തിലെ യുവജനകമ്മിഷന്റെ ചെയർമാനായതും സതീശൻ ചൂണ്ടിക്കാട്ടി. ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത് കണ്ണൂരിലെ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മനു തോമസിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാനിരുന്നെങ്കിലും മന്ത്രി എം ബി രാജേഷ് തടസവാദവുമായി രംഗത്തുവന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിരസിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.