കണ്ണൂർ കളക്ടറുടെ മൊഴി പുറത്ത്; പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

Anjana

Kannur Collector statement ADM death

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നും കളക്ടർ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താണെന്ന് കളക്ടർ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ ആശുപത്രിയുടെ പിൻവാതിലിലൂടെ ദിവ്യയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചത് വിവാദമായി. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കീഴടങ്ങൽ എന്ന ആരോപണം വലിയ തോതിൽ ഉയരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം കൂടി നടന്നത്.

Story Highlights: Kannur Collector’s statement reveals details about ADM Naveen Babu’s death and PP Divya’s arrest

Leave a Comment