കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പുതിയ മൊഴി പി പി ദിവ്യയ്ക്ക് കുരുക്കാകുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ആരെയും ക്ഷണിച്ചിട്ടില്ലെന്നും, പി പി ദിവ്യ പരിപാടിക്ക് എത്തുമെന്ന് തനിക്ക് മുൻപ് അറിവില്ലായിരുന്നുവെന്നും കളക്ടർ മൊഴി നൽകി. ഇന്നലെയാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പി പി ദിവ്യയുടെ പരാമർശം.
കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഇന്നലെ രാത്രി അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാൻ എത്തിയത്. മൊഴിയെടുക്കൽ നടപടികൾ 30 മിനിറ്റിലധികം നീണ്ടു. താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് മുൻപ് മാധ്യമങ്ങൾക്ക് മുൻപിലും ജില്ലാ കളക്ടർ പറഞ്ഞിരുന്നു.
അതേസമയം റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും ദിവ്യയ്ക്ക് കുരുക്കാകുന്ന കാര്യങ്ങളാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. നവീൻ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥൻ എന്ന് സഹപ്രവർത്തകരും മൊഴി നൽകിയിട്ടുണ്ട്.
Story Highlights: Kannur District Collector Arun K Vijayan’s statement contradicts P P Divya’s claim about invitation to Naveen Babu’s farewell function