അമേരിക്കയുടെ പ്രസിഡൻ്റായി കമല ഹാരിസ് വരുമെന്ന സൂചനകൾ നൽകി ജോ ബൈഡൻ. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ മികച്ച വൈസ് പ്രസിഡൻ്റ് മാത്രമല്ല കമല ഹാരിസെന്നും അവർ അമേരിക്കയുടെ പ്രസിഡൻ്റാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രണ്ടാം തവണ അമേരിക്കൻ പ്രസിഡൻ്റ് പദവിയിലെത്തിയാൽ ആദ്യ 100 ദിവസത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് താൻ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം സൂചിപ്പിച്ചു. കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായാൽ അത് ചരിത്രമാകും. രാജ്യത്ത് പ്രസിഡൻ്റ് പദത്തിലെത്തുന്ന ആദ്യ വനിതയും ആദ്യ കറുത്ത വർഗക്കാരിയുമായിരിക്കും ഇന്ത്യൻ വംശജയായ കമല ഹാരിസ്.
എന്നാൽ, ബൈഡൻ മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നതിനിടെയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. സിഎൻഎൻ നടത്തിയ സമീപ സർവേയിൽ കമലയും ട്രംപും തമ്മിൽ ശക്തമായ മത്സരത്തിനുള്ള സാധ്യതയുണ്ടെന്നാണ് തെളിഞ്ഞത്. നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡൻ്റ് പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഡൊണാൾഡ് ട്രംപിനെതിരായ പോരാട്ടത്തിൽ കമല ഹാരിസ് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അത്രയധികം ജനകീയയല്ലെന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ, മത്സരത്തിൽ പിൻമാറില്ലെന്ന ഉറച്ച നിലപാട് ബൈഡൻ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കമല ഹാരിസ് പ്രസിഡൻ്റ് പദത്തിലേക്ക് മത്സരിക്കുമോയെന്ന് ഇപ്പോഴും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല.