പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട ആഘോഷവേദിയായ കല്പാത്തി ഉത്സവിൽ ഈ വർഷം കുട്ടികൾക്ക് സന്തോഷ വാർത്തയുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് 7 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റ് നിരക്ക് 50 രൂപയായി കുറച്ചപ്പോൾ, മുതിർന്നവർക്ക് 80 രൂപയാണ് പുതുക്കിയ നിരക്ക്. രഥോത്സവം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വൻ ഓഫർ പ്രഖ്യാപിച്ചത്.
ഉത്സവവേദിയിലേക്കുള്ള കല്പാത്തിയിലെ ടിക്കറ്റ് കൗണ്ടർ ബ്രാഹ്മണസഭ നേതാവ് കരിമ്പുഴ രാമൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകീട്ട് 3 മണിക്ക് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശനം ആരംഭിക്കും. പ്രേക്ഷകരെ ആകർഷിക്കാൻ കൽക്കി ബാൻഡ് ഇന്ന് എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആസ്വാദനത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ട കല്പാത്തി ഉത്സവിലേക്ക് ഓരോ ദിനവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
നവംബർ 17 വരെ തുടരുന്ന ഉത്സവാഘോഷത്തിൽ സർപ്രൈസുകളുടെ പെരുമഴയാണ് പാലക്കാട്ടുകാരെ കാത്തിരിക്കുന്നത്. നാളെ ഷൈൻ ടോം ചാക്കോ നായകനായ ‘അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ താരങ്ങളും ഉത്സവവേദിയിലെത്തും. കൂടാതെ ‘ഉപ്പും മുളകും’ താരങ്ങൾ, ടീം പഞ്ചാഗ്നി, സ്റ്റാർമാജിക്ക് സംഘം, ട്വന്റി ഫോറിലെ പ്രിയ അവതാരകർ എന്നിവരും വരും ദിവസങ്ങളിൽ വേദിയിലെത്തും. കുട്ടേട്ടനും എആർവിആർ ഷോയും ആസ്വദിക്കാൻ ഒരിക്കൽ എത്തിയവർ തന്നെ വീണ്ടും വീണ്ടും ഉത്സവവേദിയിലെത്തുന്നതായി കാണാം.
Story Highlights: Kalpathy Utsav offers free entry for children under 7 and reduced ticket prices for students and adults