ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്താത്തതിന്റെ ഉത്തരവാദിത്വം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി. മത്സരങ്ങൾ നടത്തുന്നതിനും മത്സരക്രമങ്ങൾ തീരുമാനിക്കുന്നതിനുമുള്ള പൂർണ അധികാരം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണെന്നും കേന്ദ്രം അറിയിച്ചു. കളരിപ്പയറ്റ് ഉൾപ്പെടുത്താത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന കായിക വകുപ്പിനാണെന്നായിരുന്നു കേരള ഒളിമ്പിക് അസോസിയേഷന്റെ വാദം. ഈ വാദം കേന്ദ്രസർക്കാരിന്റെ മറുപടിയിലൂടെ പൊളിഞ്ഞു.
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനു കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ദേശീയ ഗെയിംസ് സമാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കേരളം അയച്ച കത്തിന് കേന്ദ്ര കായിക മന്ത്രാലയം മറുപടി നൽകിയത്. കളരിപ്പയറ്റിനെ മത്സരയിനമായി തീരുമാനിക്കേണ്ടത് ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ ആണെന്നും കേന്ദ്രം വ്യക്തമാക്കി.
കളരിപ്പയറ്റ് ഉൾപ്പെടുത്താൻ സംസ്ഥാന കായിക വകുപ്പ് സമ്മർദം ചെലുത്തിയില്ലെന്നായിരുന്നു കേരള ഒളിമ്പിക് അസോസിയേഷന്റെ വാദം. എന്നാൽ, സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ കളരിപ്പയറ്റ് മത്സരയിനമാകുമായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കേരള ഒളിമ്പിക് അസോസിയേഷൻ ഇക്കാര്യങ്ങൾ മറച്ചുവെച്ചെന്നാണ് വ്യക്തമാകുന്നത്. കൂടാതെ, ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കേരളത്തിൽ നിന്നുള്ള പി.ടി. ഉഷയാണ്. എന്നാൽ കേരളത്തിന്റെ ആവശ്യത്തിൽ ഇടപെടാൻ പി.ടി. ഉഷയും തയ്യാറായില്ല.
Story Highlights: The Indian Olympic Association is responsible for excluding Kalaripayattu from the National Games, according to the Central Sports Ministry.