മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവൽ സയനൈഡ് മോഹന്റെ കഥയാണോ പറയുന്നത് എന്ന ആകാംഷയിലാണ് ഏവരും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഈ അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ബെലഗാവിയിലെ ഹിൻഡാൽഗ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന സയനൈഡ് മോഹൻ എന്ന കുറ്റവാളിയുടെ കഥയും, മംഗളൂരുവിൽ കായികാധ്യാപകനായിരുന്ന മോഹൻ കുമാർ എങ്ങനെ ഈ കൊടും കുറ്റവാളിയായി മാറി എന്നതും സിനിമയുടെ ഇതിവൃത്തമാണോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.
കർണാടകയിലെ മംഗളൂരുവിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകനായിരുന്ന മോഹൻകുമാർ 2003 മുതൽ 2009 വരെ നാല് മലയാളികൾ ഉൾപ്പെടെ ഏകദേശം ഇരുപതോളം യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തി. ഗർഭ നിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്നെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാൾ 34 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്ത ശേഷമായിരുന്നു ഈ കൊലപാതകങ്ങളെല്ലാം.
ബണ്ട്വാൾ ബരിമാറിലെ അനിതയെ കാണാതായതിനെ തുടർന്ന് 2009-ൽ ബണ്ട്വാളിലുണ്ടായ കലാപമാണ് ഈ കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ സഹായകമായത്. അനിതയുടെ സമുദായത്തിൽപ്പെട്ടവർ, അവൾ മറ്റൊരു മതസ്ഥനുമായി ഒളിച്ചോടിയെന്ന് ആരോപിച്ചു പ്രതിഷേധിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അനിതയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന മോഹൻ പിടിയിലായി. ഈ കേസ് അന്വേഷണത്തിനിടയിൽ കാസർകോട് സ്വദേശി പുഷ്പ ഉൾപ്പെടെ നിരവധി യുവതികളെ കാണാനില്ലെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. അനിതയുടേത് ഉൾപ്പെടെ പല സ്ത്രീകളുടെയും മൃതദേഹങ്ങൾ വിവിധ ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളിൽ നിന്ന് കണ്ടെത്തി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികളെയാണ് മോഹൻ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇരകളെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടും. പിന്നീട് നഗരത്തിലെ ഏതെങ്കിലും ഹോട്ടലുകളിലോ ലോഡ്ജുകളിലോ മുറിയെടുക്കും. ഒരു സംശയത്തിനും ഇട നൽകാത്തവിധം തന്റെ സ്നേഹം സത്യമാണെന്ന് ഇരകളെ വിശ്വസിപ്പിക്കുന്നതിൽ മോഹൻ മിടുക്കനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഹോട്ടൽ മുറിയിൽ വെച്ച് യുവതികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും എന്തെങ്കിലും കാരണം പറഞ്ഞ് അവരുടെ ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്യും. വിവാഹം, ലൈംഗിക ചൂഷണം, കൊലപാതകം എന്നിവക്കെല്ലാമായി ഏതാനും ദിവസങ്ങൾ മാത്രമാണ് ഇയാൾക്ക് വേണ്ടിയിരുന്നത്. ഇരകളായ സ്ത്രീകളെല്ലാം 20-നും 30-നും ഇടയിൽ പ്രായമുള്ളവരായിരുന്നു.
തുടർന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് യുവതികളുമായി പിറ്റേന്ന് രാവിലെ അടുത്തുള്ള ബസ് സ്റ്റേഷനിൽ പോകും. അവിടെവെച്ച് ഗർഭനിരോധന ഗുളിക കഴിക്കാൻ നിർബന്ധിക്കും. ശുചിമുറിയിൽ പോകുന്ന യുവതികൾക്ക് വെള്ളത്തിനു പകരം സയനൈഡ് കലർത്തിയ ലായനിയോ, സയനൈഡ് പുരട്ടിയ ഗുളികയോ നൽകും. യുവതി ശുചിമുറിയിൽ പോകുന്ന സമയം കൊണ്ട് മോഹൻ അവിടെ നിന്നും രക്ഷപ്പെടും. ശുചിമുറിയിൽ ചെന്ന് ഗുളിക കഴിക്കുന്ന യുവതി ഉടൻ തന്നെ മരിച്ചു വീഴും. ശരീരത്തിൽ എത്തുന്നതു സയനൈഡ് ആയതുകൊണ്ട് പലപ്പോഴും ഇത് ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്യും.
ഞാനാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാൻ വ്യക്തമായ രേഖകൾ ഇല്ലെന്ന് വാദിച്ച് മോഹൻകുമാർ വിചാരണ കോടതിയുടെ വിധികളെ ചോദ്യം ചെയ്ത് പലപ്പോഴും മേൽക്കോടതിയെ സമീപിക്കാറുണ്ട്. ഈ കേസിൽ തനിക്കുള്ള അത്രപോലും അറിവ് തന്റെ അഭിഭാഷകന് ഉണ്ടാകില്ലെന്നും അതിനാൽ സ്വയം വാദിക്കാൻ അനുവദിക്കണമെന്നും അയാൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു. കോടതിയിൽ സ്വയം വാദിച്ച് വധശിക്ഷയിൽ നിന്നും രക്ഷ നേടിയ ചരിത്രവും ഇയാൾക്കുണ്ട്.
2007 മെയ് 29-ന് പൂർണിമ എന്ന സ്ത്രീയെ ബംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം ഇത് ആത്മഹത്യയാണെന്നാണ് കരുതിയത്. പിന്നീട് 2010-ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് 20 കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥൻ സുധാകർ ആചാര്യ എന്നാണ് അയാള് സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ബംഗളൂരുവിൽ എത്തിച്ചു. സംഗീതം റെക്കോർഡ് ചെയ്യാനാണെന്ന് യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഹോട്ടലിൽ മുറിയെടുത്ത ശേഷം പിറ്റേന്ന് രാവിലെ പൂജയ്ക്ക് പോകാനായി ആഭരണങ്ങൾ അഴിച്ചു മുറിയിലെ അലമാരയിൽ വെക്കാൻ ആവശ്യപ്പെട്ടു. ശേഷം ഗർഭ നിരോധന ഗുളിക എന്ന പേരിൽ സയനൈഡ് നൽകി യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞു.
2013 ഡിസംബറിൽ, യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മൂന്ന് കേസുകളിൽ മോഹൻകുമാറിന് കോടതി വധശിക്ഷ വിധിച്ചു. ഈ കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. പ്രതി കുറ്റം ചെയ്തത് അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് നല്ല ബോധ്യത്തോടെയാണെന്നും അതിനാൽ ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളിലായി 41 വർഷവും ആറുമാസവും തടവും 38,000 രൂപ പിഴയും കോടതി വിധിച്ചു. 2009 ഒക്ടോബർ 21-നാണ് മോഹൻ പിടിയിലാകുന്നത്. 2011 ഏപ്രിൽ 20-ന് കുറ്റപത്രം സമർപ്പിച്ചു. 2011 നവംബർ 21-ന് അതിവേഗ കോടതിയിൽ വിചാരണ ആരംഭിച്ചു. വിചാരണ വേളയിൽ ഒരിക്കൽ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്ത മോഹൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു.
കാസർകോട് മുള്ളേരിയ പുഷ്പ, ഉപ്പള വിജയലക്ഷ്മി, പൈവളിഗെ സാവിത്രി, മംഗലാപുരം തൊക്കോട്ടു താമസിച്ചിരുന്ന കുമ്പള സ്വദേശിനി കമല എന്നിവരാണ് മോഹന്റെ കൈകളാൽ കൊല്ലപ്പെട്ട മലയാളികൾ. മൂന്ന് യുവതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കേൾക്കാൻ കോടതിയിൽ എത്തിയപ്പോഴും, വധശിക്ഷയെന്ന വിധി കേട്ട് പുറത്തിറങ്ങിയപ്പോഴും മോഹൻകുമാറിന് യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല.
ചുണ്ടിൽ സിഗരറ്റുമായി ഒരു നിഗൂഢ ഭാവത്തിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം പുറത്തുവന്നതോടെ സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവൽ പറയുന്നതെന്നും, 20 നായികമാർ സിനിമയിലുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അണിയറ പ്രവർത്തകരോ സംവിധായകനോ ഇതുവരെ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇങ്ങനെ പല അഭ്യൂഹങ്ങളും പ്രചരിക്കുമ്പോൾ സിനിമ പുറത്തിറങ്ങുന്നത് വരെ കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളു.
Story Highlights: കളങ്കാവൽ സിനിമ സയനൈഡ് മോഹന്റെ കഥയാണോ പറയുന്നത് എന്ന ആകാംഷയിലാണ് സിനിമാസ്വാദകർ.



















