പട്ടാമ്പി◾:മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനുള്ള മറുപടിയുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഫിറോസിന്റെ ബിനാമിയാണ് തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് എന്നും ജലീൽ പരിഹസിച്ചു. ഇതിന് പിന്നാലെ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരിക്കുകയാണ്.
പട്ടാമ്പിക്കടുത്തെ കൊപ്പത്തെ യമ്മി ചിക്കൻ ഷോപ്പ് പി.കെ. ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയുണ്ടെന്ന് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മുസ്ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി.കെ. ഫിറോസെന്നും കെ.ടി. ജലീൽ ആരോപിച്ചു. പാർട്ടി പദ്ധതികളുടെ മറവിൽ ഫിറോസ് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ടെന്ന് ജലീൽ പറഞ്ഞിരുന്നു. അവിടെയുള്ള യൂത്ത് ലീഗുകാരാണ് തന്നോട് ഈ വിവരം പറഞ്ഞതെന്നും ജലീൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ടി ജലീൽ പരിഹാസ രൂപേണ മറുപടി നൽകിയിരിക്കുന്നത്.
അതേസമയം, ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് 600-ൽ അധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയത് എന്നും കെ.ടി. ജലീൽ ആരോപിച്ചു. ഇതിലൂടെ വലിയ തട്ടിപ്പാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം യമ്മി ഫ്രൈഡ് ചിക്കനിൽ നിന്നും ഭക്ഷണം കഴിച്ച ചിത്രം പങ്കുവെച്ച് ഫിറോസ് ജലീലിന് നന്ദി അറിയിച്ചിരുന്നു. “നന്ദി, വന്നതിനും, ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും. ബിസിനസിൽ രാഷ്ട്രീയമില്ല, രാഷ്ട്രീയത്തിൽ ബിസിനസും”, എന്ന കുറിപ്പോടെയാണ് ഫിറോസ് ചിത്രം പങ്കുവെച്ചത്.
കെ.ടി. ജലീൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: “കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാൻ ആ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. ‘ദോതി ചാലഞ്ചിൽ’ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു”.
Story Highlights: കെ.ടി. ജലീൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനുള്ള മറുപടിയുമായി രംഗത്ത്.