ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയ്യാറാവണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻ്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സർക്കാർ ഉറപ്പു വരുത്തണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Story Highlights: BJP State President K Surendran demands government apology for suppressing Hema Commission report on women’s issues in film industry