കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയവും വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് 7066 വോട്ടുകളാണ് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. ഈ പരാജയത്തിന്റെ പേരിൽ ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരുന്നു.
അടിയന്തര കോർകമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തിൽ വി മുരളീധരനും കെ സുരേന്ദ്രനെ കൈവിട്ടിരുന്നു. കുറച്ചുനാളായി ഇരുവരും തമ്മിൽ ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങൾക്ക് വി മുരളീധരൻ നിശബ്ദ പിന്തുണ നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരൻ അത്രകണ്ട് സജീവമായിരുന്നില്ല.
Story Highlights: K Surendran expresses willingness to resign as BJP state president following Palakkad by-election defeat