മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ് ഈ ബഡ്ജറ്റിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംയിസ് പോലെയുള്ള പദ്ധതികൾ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളതെന്നും കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. വികസനത്തിന് സഹായിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കുന്നത് നിർമ്മാണ മേഖലയ്ക്ക് കരുത്തുപകരും.
കാർഷിക മേഖലയ്ക്ക് 1. 52 ലക്ഷം കോടി രൂപ അനുവദിച്ചതും സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ നികുതി ഇളവ് നൽകുന്നതും ശ്രദ്ധേയമാണ്. മധ്യവർഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള നികുതി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബഡ്ജറ്റാണിതെന്ന് സുരേന്ദ്രൻ വിലയിരുത്തി. സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.
1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളുടെ പ്രതീക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.