തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ നേതാവിനെ പാർട്ടി കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ അധ്യക്ഷനായ അണ്ണാമലൈ, പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും നേർന്നു.
പാർട്ടിയിൽ യാതൊരു തർക്കവുമില്ലെന്നും നേതാവിനെ ഐക്യത്തോടെ തീരുമാനിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. 2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ വെറും പാർട്ടി പ്രവർത്തകൻ മാത്രമായി മാറിയാലും താൻ ബിജെപിയിൽ തുടരുമെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പറഞ്ഞിരുന്നു.
എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി, അമിത് ഷായോട് ഒരു ആവശ്യം ഉന്നയിച്ചിരുന്നു. തങ്ങളുമായുള്ള സഖ്യം സാധ്യമാകണമെങ്കിൽ അണ്ണാമലൈയെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്നായിരുന്നു അത്. ബിജെപി നിയമസഭ കക്ഷിനേതാവ് നൈ നാർ നാഗേന്ദ്രൻ പുതിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്നാണ് സൂചനകൾ.
അണ്ണാമലൈയെ ഡൽഹിയിലെ ഏതെങ്കിലും പദവിയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ തമിഴ്നാട്ടിൽ തുടരാനാണ് തന്റെ ആഗ്രഹമെന്ന് അണ്ണാമലൈ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പുതിയ നേതൃത്വത്തിന് താൻ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Story Highlights: K. Annamalai will not contest for the Tamil Nadu BJP president post, paving the way for a new leader chosen by the party.