ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10-ന് വിരമിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹം ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിർദ്ദേശിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചു. സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു ഈ നടപടി. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഖന്നയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ, അദ്ദേഹം ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാകും. 2025 മെയ് 13 വരെ 6 മാസത്തെ ഓഫീസ് കാലാവധിയാണ് അദ്ദേഹത്തിന് ലഭിക്കുക.
1960 മേയ് 14-ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ ഡൽഹി ഹൈക്കോടതിയിൽ ഹാജരായ അദ്ദേഹം, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും പ്രശസ്തനായി. 2019 ജനുവരി 18-നാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലെത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് സഞ്ജീവ് ഖന്ന.
നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഗവേണിങ് കൗൺസിൽ അംഗവുമായ സഞ്ജീവ് ഖന്ന, ഭരണഘടന അനുച്ഛേദം 370 റദ്ദാക്കൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവച്ച ബെഞ്ചിലും ഉൾപ്പെട്ടിരുന്നു. ഇടക്കാലത്ത് സുപ്രീംകോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനായും അദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്.
Story Highlights: Chief Justice DY Chandrachud recommends Justice Sanjiv Khanna as successor to the Supreme Court of India