റുഡ്യാർഡ് കിപ്ലിംഗ് തന്റെ മാസ്റ്റർ പീസായ ‘ജംഗിൾ ബുക്കി’ൽ പറഞ്ഞു വച്ച ചിലത് കാലാതീതമായി ഇന്നു നിലനിൽക്കുന്നു. നിറ വിവേചനമെന്ന സാമൂഹിക അനാചാരത്തിന്റെ ഫലമായി ലോകം മുഴുവൻ വലിയ പ്രത്യഘാതങ്ങളുണ്ടായ 1800 ന്റെ അവസാന കാലത്താണു അദ്ദേഹം തന്റെ പുസ്തമായ ‘ജംഗിൾ ബുക്ക്’ പുറത്തിറക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്ന ഫാന്റസി കഥ മാത്രമാണിതെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതിനുമപ്പുറമാണ് കിപ്ലിംഗിന്റെ രചനയ്ക്കു പിന്നിലെ ദീർഘ വീക്ഷണവും അതിന്റെ ആഴവും പരപ്പും.
ലോകം സൃഷ്ടിക്കപ്പെട്ട കാലം തൊട്ടേ ‘കറുപ്പ്’ എന്ന നിറത്തെ തിന്മയുടെ പ്രതിരൂപമായി നിർവചിക്കപ്പെട്ടിരുന്നു. കറുത്ത വർഗക്കാരെയും ആ ഗണത്തിൽ ഉൾപ്പെടുത്തിയ സംസ്കാരമായിരുന്നു നൂറ്റാണ്ടുകളോളം നില നിന്നിരുന്നത്. അവർ തിന്മ ചെയ്യുന്നവരാണെന്നും അതിനെ അടിച്ചമർത്തണമെന്നും നന്മ ചെയ്യുന്ന വെളുത്ത വർഗക്കാരാണു ലോകം സംരക്ഷിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞ കാലത്താണു കിപ്ലിംഗ് തന്റെ പുസ്തകത്തിൽ ബഗീരൻ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്.
നന്മ ചെയ്യുന്നുവെന്നു അവകാശപ്പെടുന്ന ലോകത്തിലെ സകല ‘സവർണർ’ക്കും ‘സവർണാ’ധിഷ്ഠിത കുലീന ചിന്തകൾക്കും അവകാശ വാദങ്ങൾക്കുമെതിരെ കലഹിച്ചുണ്ടായ കഥാപാത്രമായിരിക്കണം ബഗീരൻ. ആ കരിമ്പുലിയാണു സകല ജീവജാലങ്ങളെയും സ്നേഹിക്കുന്ന മൗഗ്ലിയെ വളർത്തിയെടുത്തത്. ആ കറുത്ത മൃഗത്തിന്റെ നന്മയാണ്, തിന്മയുടെ ആൾരൂപവും ‘സവർണ’ പരിവേഷമുള്ള മൃഗ(കടുവ)മായ ഷേർ ഖാനെ അമർച്ച ചെയ്യാൻ മൗഗ്ലിയെ സഹായിച്ചതും അതിലൂടെ ആ കാടും കാട്ടിലെ മൃഗങ്ങളും സ്വൈര ജീവിതത്തിലേക്കു തിരിച്ചു വന്നതും.
‘കറുപ്പി’നെ മാറ്റി നിർത്തിയ പോയകാല ലോകം അവഗണനകൾക്കും അധിനിവേശത്തിനുമെതിരെ കരുത്തറിയിച്ചതു ‘കറുപ്പി’നെ കൂട്ടുപിടിച്ചാണെന്നു ഓർക്കണം. ലോകം കറുപ്പിനെ ‘കരുത്തി’ന്റെ നിർണായക ശക്തിയായി എന്നേ അവരോധിച്ചതാണ്. എല്ലാ നിറങ്ങളുടെയും ആകെത്തുകയായ കറുപ്പിനോളം മേന്മ വേറൊന്നിനുമില്ലെന്നതു യാഥാർഥ്യമാണ്. നിറങ്ങൾക്കു അതീതമാണു നന്മയെന്നും അതിനെ സംരക്ഷിക്കുന്നവരിൽ എല്ലാ വർണത്തിൽ ഉൾപ്പെട്ടവരുമുണ്ടെന്നു കിപ്ലിംഗ് തന്റെ പുസ്തകത്തിൽ പറയാതെ പറഞ്ഞു. പുസ്തകം ചിത്രകഥയായും കാർട്ടൂൺ ചിത്രമായും സിനിമയായും പരിണമിച്ചപ്പോഴും കിപ്ലിംഗ് ഒരു നൂറ്റാണ്ട് മുൻപ് തന്റെ പുസ്തകത്തിലെ അക്ഷരങ്ങളിലൊളുപ്പിച്ച യാഥാർഥ്യം ചോർന്നു പോയില്ല.
ഒരു അടിമ– ഉടമ ബന്ധം ബഗീരനും മൗഗ്ലിയ്ക്കും ഇടയിൽ ഉണ്ടായിരുന്നുവെന്ന നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട തർക്കം ഇന്നും നിലനിൽക്കുന്നുണ്ട്. അതിനെ അവർക്കിടയിലെ സൗഹൃദം മികച്ച രീതിയിൽ പ്രകടമാണെന്നത് തന്നെയാണ്. മൗംഗ്ലിയെ ‘മാസ്റ്റർ’ ആയും ബഗീരനെ ‘സെർവന്റ്’ ആയും സ്ഥാപിക്കുന്ന തരത്തിലുള്ള വിലയിരുത്തലുകളും നിരീക്ഷണങ്ങളും പുസ്തകം പുറത്ത് വന്നതിനു ശേഷം പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും ആകെത്തുകയിൽ ‘നിറ’ത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ പുസ്തകം ‘എ ബുക്ക് ഓഫ് വോയ്സ് എഗയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ’ എന്ന സ്റ്റേറ്റ്മെന്റിന്റെ ആത്മാവിനെ തൊടുന്നു.
Story Highlights: Rudyard Kipling’s “Jungle Book” addresses themes of discrimination and acceptance through the characters of Mowgli and Bagheera.