മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് സംഗീത സംവിധാനവും ആലാപനവും നിർവഹിച്ച ഈ ഗാനത്തിന്റെ വരികൾ എഴുതിയത് മുഹ്സിൻ പരാരിയാണ്. ‘മറന്നാടു പുള്ളേ… മുറിപ്പാടുകളെ…’ എന്ന് തുടങ്ങുന്ന ഈ ഗാനത്തോടൊപ്പം, ചിത്രം ഒക്ടോബർ 17-ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവും പുറത്തുവന്നു.
‘പണി’ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്നത് യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ എന്ന പെൺകുട്ടിയാണ്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ഈ ചിത്രം ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, എ ഡി സ്റ്റുഡിയോസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 110 ദിവസത്തോളം നീണ്ട ഷൂട്ടിങ്ങിനു ശേഷം പൂർത്തിയായ ചിത്രത്തിന്റെ ക്യാമറ വേണു ഐ എസ് സിയും ജിന്റോ ജോർജും നിർവഹിച്ചു. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Story Highlights: Joju George’s directorial debut ‘Pani’ releases first lyrical song and announces October 17 release date in five languages.