സൗദി അറേബ്യയിലെ ജിദ്ദയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡ് നേടാനുള്ള പദ്ധതി വീണ്ടും ആരംഭിച്ചു. ജിദ്ദ ടവറിന്റെ നിർമ്മാണം പുനരാരംഭിച്ചതോടെ അറബ് ലോകത്ത് നിന്ന് ബുർജ് ഖലീഫയെ മറികടക്കുന്ന മറ്റൊരു കെട്ടിടം ഉയരുകയാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ കെട്ടിടത്തിന് 1,000 മീറ്റർ ഉയരമുണ്ടാകും. 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു നഗര കേന്ദ്രമായി ഇതിനെ മാറ്റുകയും ചെയ്യും.
2013 ഏപ്രിൽ ഒന്നിനാണ് ജിദ്ദ ടവർ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ 2018 ഓടെ വിവിധകാരണങ്ങളാൽ പദ്ധതി പാതിവഴിയിൽ നിർത്തിവെച്ചു. ഇപ്പോൾ വിവിധ ചർച്ചകൾക്കൊടുവിൽ കരാറിലെത്തി, സൗദിയിലെ പ്രമുഖ നിർമാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. ജിദ്ദ എകണോമിക് കമ്പനിയാണ് കരാറിൽ ഒപ്പിട്ടത്. കെട്ടിടത്തിന്റെ 63 നിലകൾ നേരത്തെ പൂർത്തിയായിരുന്നു. ഇപ്പോൾ ഈ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്.
അമേരിക്കൻ ആർക്കിടെക്ട് അഡ്രിയൻ സ്മിത്തിന്റെ രൂപകൽപ്പനയിലുള്ള കെട്ടിടത്തിൽ ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, മൂന്ന് ലോബികൾ, 157-ാം നിലയിൽ ലോകത്തിലെ ഉയരമേറിയ ഒബ്സർവേഷൻ ഡെസ്ക് എന്നിവ ഉണ്ടാകും. ആകെ 157 നിലകളാണ് കെട്ടിടത്തിനുണ്ടാകുക. യുഎസ് ആസ്ഥാനമായ സി.ബി.ആർ.ഇ ഗ്രൂപ്പിനാണ് നിലവിൽ ഹോട്ടൽ നടത്തിപ്പിനുള്ള കരാർ. എണ്ണൂറ് കോടി റിയാലാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2028-ൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. പ്രവാസികളടക്കം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതകളും പദ്ധതി സൃഷ്ടിക്കും.
Story Highlights: Jeddah Tower construction resumes in Saudi Arabia, aiming to become world’s tallest building at 1,000 meters