ഡൽഹി◾: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ രാവിലെ 9.45നാണ് വാൻസും കുടുംബവും എത്തിച്ചേർന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ സ്വീകരിച്ചു. ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യ ആദരവ് അർപ്പിച്ചു.
വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകുന്നേരം കൂടിക്കാഴ്ച നടത്താനാണ് ധാരണ. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള വാൻസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
പെന്റഗൺ, യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം അഞ്ചംഗ സംഘം വാൻസിനൊപ്പമുണ്ട്. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുക, ഫെബ്രുവരി 13ലെ സംയുക്ത പ്രസ്താവനയിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകൾ എന്നിവയാണ് സന്ദർശന ലക്ഷ്യം.
വിവിധ മേഖലകളിൽ യുഎസ്-ഇന്ത്യ ബന്ധത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും വാൻസ് ശ്രദ്ധ കേന്ദ്രീകരിക്കും. ഇറക്കുമതി തീരുവ സംബന്ധിച്ച ആഗോള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി വാൻസ് കൂടിക്കാഴ്ച നടത്തും.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാൻസും കുടുംബവും ജയ്പൂർ, ആഗ്ര എന്നിവിടങ്ങൾ സന്ദർശിക്കും. താജ് മഹൽ സന്ദർശനവും അജണ്ടയിലുണ്ട്. ജയ്പൂർ കൊട്ടാരം സന്ദർശിച്ച ശേഷമായിരിക്കും മടക്കം. രാജസ്ഥാൻ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും.
Story Highlights: US Vice President JD Vance arrived in Delhi for a four-day visit, focusing on strengthening India-US ties and implementing the joint statement from February 13.