കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. ഇതിനിടെ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ ആകെ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇന്ന് പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഇതിന്റെ പരിശോധന ഫലവും ഉടൻ പുറത്ത് വരും.
പൊതുകിണറിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, കാസർഗോഡ് പടന്നക്കാട് കാർഷിക കോളേജിലെ അഞ്ച് വിദ്യാർഥികൾക്ക് H1N1 രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. വിദ്യാർഥികൾ നിലവിൽ ചികിത്സയിലാണ്.
ദിവസങ്ങൾക്ക് മുൻപ് തൃശൂരിൽ എച്ച്1എൻ1 ബാധിച്ച് എറവ് സ്വദേശിനി മീന മരിച്ചിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്.
Story Highlights: Jaundice outbreak in Kozhikode Kommeri, 11 new cases confirmed, H1N1 cases in Kasaragod