ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒരു പുതിയ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ബുംറ, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രവിചന്ദ്രൻ അശ്വിന്റെ റെക്കോർഡ് മറികടന്നു. ഒരു ഇന്ത്യൻ ബൗളർ നേടിയ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ബുംറ.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ 30 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബുംറ, ഇപ്പോൾ 907 റേറ്റിംഗ് പോയിന്റോടെയാണ് ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ മുന്നിലെത്തിയിരിക്കുന്നത്. ഇതുവരെ ടെസ്റ്റ് റാങ്കിങ്ങിൽ ഒരു ഇന്ത്യൻ ബോളർ നേടിയ ഉയർന്ന റേറ്റിംഗ് പോയിന്റ് 904 ആയിരുന്നു, അശ്വിനായിരുന്നു ഈ നേട്ടത്തിന്റെ ഉടമ. ഇപ്പോൾ അശ്വിനെ മറികടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് ബുംറ.
2024-ൽ ടെസ്റ്റ് ക്രിക്കറ്റിൽ 13 കളികളിൽ നിന്ന് 71 വിക്കറ്റുകളാണ് ബുംറ പിഴുതെടുത്തത്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ബുംറയാണ്. ഒരു നൂറ്റാണ്ട് മുമ്പ് കളിച്ച ഇംഗ്ലണ്ട് സീമർമാരായ സിഡ്നി ബാൺസ് (932), ജോർജ് ലോഹ്മാൻ (931) എന്നിവരാണ് റേറ്റിംഗ് പോയിന്റിൽ ഒന്നാം സ്ഥാനത്തുള്ള കളിക്കാർ. ഇമ്രാൻ ഖാൻ (922), മുത്തയ്യ മുരളീധരൻ (920) എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. റേറ്റിംഗ് പോയിന്റിൽ ഇംഗ്ലണ്ടിന്റെ മുൻ സ്പിന്നർ ഡെറക് അണ്ടർവുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംറയുള്ളത്.
ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡാണ് ടെസ്റ്റ് റാങ്കിൽ രണ്ടാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് മൂന്നാം സ്ഥാനത്തുണ്ട്. റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബോളർ. കഗിസോ റബാഡ, മാർക്കോ യാൻസൻ, മാറ്റ് ഹെൻറി, നതാൻ ലയൺ, പ്രഭാത് ജയസൂര്യ, നൊമാൻ അലി എന്നിവരാണ് നാല് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിലുള്ള മറ്റ് ബോളർമാർ.
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് അക്ഷർ പട്ടേലുമുണ്ട്. വിരമിച്ചതിനാൽ ആർ അശ്വിനെ റാങ്കിങ്ങിലേക്ക് പരിഗണിച്ചിട്ടില്ല.
Story Highlights: Jasprit Bumrah sets new record in ICC Test bowlers ranking, surpassing R Ashwin’s highest rating points for an Indian bowler.