ലോകത്തെ ആദ്യ ‘വുഡൻ സാറ്റ്ലൈറ്റ്’ ബഹിരാകാശത്തേക്ക് അയച്ച് ജപ്പാൻ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന് തുടക്കം കുറിച്ചു. “ലിഗ്നോസാറ്റ്” എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞൻ കൃത്രിമ ഉപഗ്രഹത്തിന്റെ പുറംപാളി പതിവ് ലോഹത്തിനു പകരം പ്ലൈവുഡ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ക്യോത്തോ സർവകലാശാലയിലെ ഗവേഷകരും സുമിടോമോ ഫോറസ്ട്രി എന്ന പാർപ്പിട നിർമ്മാതാക്കളും ചേർന്നാണ് ഈ നൂതന ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. സ്പേസ് എക്സിന്റെ ദൗത്യത്തിനൊപ്പം വിക്ഷേപിച്ച ലിഗ്നോസാറ്റ് ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചേർന്നു.
ബഹിരാകാശത്ത് തടി കൊണ്ടുള്ള ഉൽപ്പന്നങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കാനാണ് ഈ പരീക്ഷണം. ക്യോത്തോ സർവകലാശാലയിലെ ഫോറസ്റ്റ് സയൻസ് വിഭാഗം പ്രൊഫസറായ കോജി മുറാത്തയുടെ അഭിപ്രായത്തിൽ, ബഹിരാകാശത്ത് വെള്ളവും ഓക്സിജനും ഇല്ലാത്തതിനാൽ മരക്കഷണങ്ങൾക്ക് ഭൂമിയിലേക്കാൾ കൂടുതൽ ആയുസ്സുണ്ടാകും. കൂടാതെ, മരം കൊണ്ടുള്ള കൃത്രിമ ഉപഗ്രഹങ്ങൾ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കും.
ലിഗ്നോസാറ്റ് ആറു മാസക്കാലം ഭൂമിയെ ഭ്രമണം ചെയ്യും. -100 മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ വ്യതിചലിക്കുന്ന ബഹിരാകാശ കാലാവസ്ഥയെ ഈ വുഡൻ കൃത്രിമ ഉപഗ്രഹം എങ്ങനെ അതിജീവിക്കുമെന്ന് ലോകമെമ്പാടുമുള്ള ബഹിരാകാശ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും തടി കൊണ്ടുള്ള വീടുകൾ നിർമ്മിക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ആദ്യ ചുവടുവെപ്പാണ് ജപ്പാൻ അയച്ച ഈ വുഡൻ സാറ്റ്‌ലൈറ്റ്.
Story Highlights: Japan launches world’s first wooden satellite ‘LignoSat’ to test wood’s durability in space